Wednesday, June 25, 2008

ഡാ...

ഡാ,

ഒരു ദിവസം ആരോടും പറയാണ്ട്‌ നീ സുഖായിട്ട്‌ നൂലുമ്മെ എറങ്ങ്യപ്പോ നിന്റെ റോള്‌ കഴിഞ്ഞു, ല്ലേ? വെള്‌ത്ത തുണീല്‌ പൊതിഞ്ഞ നിന്റെ ബോഡി മദിരാശീന്ന്‌ ഒര്‌ പുലര്‍ച്ച നേരത്ത്‌ ആംബുലന്‍സില്‌വരണ കണ്ടപ്പ്പ്പോ കരച്ചിലല്ലാ വന്നേ, മറിച്ച്‌ ഭയങ്കര ദേഷ്യാ. രണ്ട്‌ ദിവസം കഴിഞ്ഞ്‌ മാത്രംആള്‍ക്കാര്‌ കണ്ടോണ്ട്‌ അഴിഞ്ഞ്‌ തൊടങ്ങ്യ നിന്റെ മൊകം കാണാന്‍ പറ്റാത്തോണ്ടല്ലാ, (നിനക്ക്‌അപ്പോ മിണ്ടാന്‍ പറ്റ്യാര്‍ന്നൂന്നണ്ടെങ്ങേ നീ ചോദിച്ചേനേ, "ഞാന്‍ ചത്താ നിനക്കെന്തൂട്ട്‌കുന്താണ്ടാ"ന്ന്‌, അല്ലെങ്ങേ "എന്റെ തിരു മോന്ത കണ്ടട്ട്‌ നിനക്കെന്തൂട്ട്‌ ആശ്വാസാ കിട്ടാന്‍പോണേ"ന്ന്), പക്ഷേ തലേ ബുദ്ധനാഴ്ച്ച മ്മള്‌ ഫോണില്‌ മിണ്ട്യപ്പേങ്കിലും ഒരു സൂചനതന്നില്യല്ലോന്നോള്ള ദേഷ്യം. തന്നിരുന്നൂന്നണ്ടെങ്ങ്യെ, നല്ല വാക്ക്‌ പറഞ്ഞ്‌ ആശ്വസിപ്പിച്ചട്ടല്ലാ, നല്ലചീത്ത വിളിച്ചട്ട്‌ നിന്നെ തിരിച്ച്‌ കൊണ്ടരാര്‍ന്നൂല്ലോന്നൊള്ള വെഷമം (ഒരു ദിവസം നിന്നെആശുപത്രീല്‍ക്ക്‌ കൊണ്ടു പൂവാന്‍ ചീത്ത വിള്യായിരുന്നൂല്ലോ എന്റെ നമ്പറ്‌).

ഇപ്പൊ ദേ, നീ എഴുതി കൂട്ട്യേ തുണ്ടുകളൊക്കെ കൂടി ഒരു പുസ്തകാക്കാന്‍ പോണു. ശനിയാഴ്ച അതിന്റെപ്രകാശനാ. നീ ഇണ്ടാര്‍ന്നങ്ങേ എത്ര ആഘോഷാക്കീട്ട്‌ നടത്തണ്ട സംഭവാ... നീ വല്ലതും അറിയിണ്ടാ? അതോ ഒരു ദിവസം നമ്മളിര്‌ന്ന്‌ തര്‍ക്കിച്ച പോലെ മരണത്തോടു കൂടി മനുഷ്യന്റെ സകലസംഗതികളും കഴിഞ്ഞാ? ഇനി അങ്ങടും ഇങ്ങടും ഒന്നും അറിയാത്ത അത്രക്കും ദൂരത്ത്യക്ക്‌ പോയാ നീ?

Labels: ,

Posted by Jo at 11:29 AM Permalink 7 comments links to this post

Saturday, June 21, 2008

സാബുവിന്റെ സുവിശേഷം

കൊറേ നാള്‌ മുന്‍പ്‌ നടന്ന സംഭവാണ്‌ട്ടാ... ഐ. റ്റി. രംഗത്ത്‌ കൈല്‌ കുത്തണേനും മുന്‍പ്‌ കൊച്ചാപ്പു സ്വര്‍ണ്ണപ്പണിക്കാരനായിട്ട്‌ നടന്നാര്‍ന്ന കാലം. പണിസ്ഥലത്ത്‌ ഒരു കൊച്ചു പയ്യന്‍ ഇണ്ടാര്‍ന്നു. തല്‍ക്കാലം അവന്റെ ഒറിജിനല്‍ പേര്‌ മാറ്റീട്ട്‌ മ്മക്ക്‌ ജോണ്‍സന്‍ന്ന്‌ വിളിക്കാം. ജോണ്‍സന്‍ ഒരു കുഞ്ഞ്യേ ചെക്കനാര്‍ന്നു. ഒരിത്തിരി ബുദ്ധിക്കൊറവൂണ്ട്‌. മുറി ചുണ്ടനാണ്‌. സ്വാഭാവികായിട്ടും അവന്റെ പ്രായക്കൊറവും, ബുദ്ധി മാന്ന്യോം ഒക്കെ കൂടി മറ്റൊള്ളോര്‌ക്ക്‌ കളിയാക്കാനൊള്ള ഒരു സംഗത്യായി മ്മടെ ജോണ്‍സന്‍.

സാബു (അതും ഒറിജിനല്‍ പേരല്ലാട്ടാ) അതേ പണിസ്ഥലത്ത്‌ പണികഴിഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‌ കടകളില്‍ക്ക്‌ കൊണ്ടോണ കക്ഷ്യാണ്‌. പണ്ട്‌ അത്യാവശ്യം കാശൊക്കെ ഇണ്ടാര്‍ന്ന കുടുമ്മത്ത്‌ ജനിച്ചതാ. പിന്നെ അപ്പന്റെ ചെല നല്ല സൊഭാവങ്ങളൊക്കെ കാരണം ദാരിദ്ര്യത്തിലായപ്പോ ജോലിക്ക്‌ പോയി തൊടങ്ങ്യ ഒരു മനുഷ്യന്‍. ജോണ്‍സനേക്കാളും എന്നേക്കാളുമൊക്കെ സീനിയര്‍. അവിവാഹിതന്‍. കുടുമ്മത്ത്‌ പ്രാരാബ്ദങ്ങളൊക്കെ കൂടി ഒരു പക്വത വരുത്തിയ മനുഷ്യന്‍.

ഒരു ദിവസം ജോണ്‍സനെ എല്ലാവരും കൂടി വല്ലാണ്ടങ്ങോട്ട്‌ വാരണ സമയം. ജോണ്‍സനാണങ്ങ്യലോ, എന്ത്‌ കേട്ടാലും ആ മുറിചുണ്ട്‌ കോട്ടി ചിരിക്കും. തോട്ടി (കളിയാക്കണേന്റെ തൃശ്ശൂര്‍ വേര്‍ഷന്‍) വല്ലാണ്ടങ്ങട്‌ കൂടീപ്പൊ സാബൂന്‌ ദേഷ്യം വന്നു.

സാബു പറഞ്ഞു: "ഡാ തൊരപ്പന്മാരേ, ഈ പാവം ചെക്കനെ നിങ്ങള്‌ വാരാന്‍ തൊടങ്ങീട്ട്‌ കൊറേ നേരായീല്ലോ. നാളെ നിങ്ങളെങ്ങാനും വല്ല വണ്ടി ഇടിച്ചട്ട്‌ റോട്ടില്‌ കെടക്കാണ്‌ന്ന്‌ വക്ക്‌. ആ വഴിക്ക്‌ വരണ ആര്‌ക്കും നിങ്ങളെ പരിചയൂല്യ, സഹായിക്കണൂല്യാന്ന്‌ വക്ക്‌. ജോണ്‍സനാണ്‌ ആ വഴിക്ക്‌ വരണേന്ന്‌ണ്ടെങ്കിലോ? നിന്റ്യൊക്കെ ജീവന്‍ രക്ഷിക്കാന്‍ ഈ പൊട്ടന്‍ ചെക്കനാ ഇണ്ടാവൊള്ളോ. അതോണ്ടേയ്‌, എത്ര കഴിവില്യാത്തോനായാലും, എത്ര മന്ദ ബുദ്ധ്യായാലും, ഒരു മനുഷ്യനേം കളിയാക്കാന്‍ പാടില്യ. വേറെ ആരും സഹായിക്കത്ത നേരത്തേയ്‌, നിനക്കൊക്കെ ഒരു ഉപകാരം ചെയ്യന്‍ ചെലപ്പോ അവനേ കാണൊള്ളോ."

ആ നേരത്ത്‌ എല്ലാര്‍ടേം മിണ്ടാട്ടം മുട്ടി പോയി. ഒരു മനുഷ്യനേം, അവന്‍ എത്ര ചെറിവനോ സമൂഹത്തില്‌ ഒരു വെലേം ഇല്യാത്തോനോ ആയിക്കോട്ടെ, ആവശ്യ നേരത്ത്‌ നമുക്കൊര്‌ സഹായം (സഹായമ്ന്ന്‌ പറയണത്‌ പണം മാത്രല്ലല്ലോ) ചെയ്യാന്‍ ചെലപ്പോ അവനേ കാണൊള്ളോ. അതോണ്ട്‌ നമ്മളേക്കാളും less privleged ആയിട്ടൊള്ള സഹജീവികളെ നിന്ദിക്കാണ്ട്‌ പരമാവധി സ്നേഹിച്ച്‌ ജീവിച്ചാല്‍ നമ്‌ക്ക്‌ തന്നെ അതിന്റെ ഗുണം.

Labels:

Posted by Jo at 10:53 AM Permalink 7 comments links to this post

Wednesday, June 11, 2008

വായന, ബ്ലോഗന, പേപ്പറന?

വായന എന്ന്‌ പറയണ പോലെ ബ്ലോഗ്‌ വായനക്ക്‌ മാതൃഭൂമി ആഴ്ചപതിപ്പ്‌ കണ്ടെത്തിയ വാക്കാത്രേ ബ്ലോഗന. ബ്ലോഗിംഗിനെ പറ്റീട്ടൊള്ള മാതൃഭൂമി ആഴ്ചപതിപ്പിന്റെ കവറില്‌ വല്യ അക്ഷരത്തില്‌ എഴുതീട്ടുംണ്ട്‌ സംഗതി. ഇനീപ്പോ പേപ്പറ്‌ വായിക്കണേന്‌ പേപ്പറന, മാഗസിന്‍ വായിക്കണേന്‌ മാഗന, വീക്ക്‌ലിക്ക്‌ വീക്കന എന്ന്‌ തൊടങ്ങി കപ്പലണ്ടി പൊതിയണ കടലാസ്‌ വായിക്കണേന്‌ വരെ ഇങ്ങനത്തെ വല്ല പേരും കണ്ട്‌ പിടിക്ക്യാവോ! എന്തായാലും ഈ വാക്കുകള്‌ ഇണ്ടാക്കി എട്‌ക്കണ ചുള്ളന്മാരെ സമ്മതിക്കണം!

അല്ലാ, ഇതേ പോലത്തെ ഒരു സംഗതി മലയാളം ബ്ലോഗിലുംണ്ടല്ലോ! ആരോ ഒരാള്‍ ബൂലോഗംന്ന്‌ എഴുത്യേ പിന്നെ അവടന്നിങ്ങട്‌ എല്ലാരും ബ്ലോഗിന്റെ മലയാളം വാക്കായിട്ട്‌ അംഗീകരിച്ച മട്ട്‌ണ്ട്‌ ബ്ലോഗ്‌ന്നൊള്ള വാക്കായിട്ട്‌ പുലബന്ധംല്യാത്ത ബൂലോഗംന്നൊള്ള വാക്ക്‌. സത്യത്തില്‌ ബൂൂ... ന്ന്‌ പറഞ്ഞ്‌ ആട്ടണ്ട സംഗത്യാ, പക്ഷെ എന്തൂട്ടാ ചെയ്യാ... അതിപ്പഴും അങ്ങനെ തന്നെ എല്ലാരും കൊണ്ടാടി പോരണു...

blog-ന്നൊള്ളേന്‌ ബ്ലോഗ്‌ന്ന്‌ തന്നെ മലയാളത്തിലെഴുത്യാ പോരേന്ന്‌ണ്‌ കൊച്ചാപ്പൂന്റെ ചോദ്യം. അല്ലാ, കൊറഞ്ഞത്‌ സമാന അര്‍ത്ഥംള്ള ഒര്‌ വാക്ക്‌ മലയാളത്തില്‌ കണ്ട്‌ പിടിക്കണ വരേങ്കിലും?

Labels:

Posted by Jo at 9:30 AM Permalink 10 comments links to this post

Tuesday, June 03, 2008

ലെനിന്‍!

കൊറച്ച്‌ ദിവസം മുന്‍പ്‌ നടന്ന ഒരു സംഭവാട്ടാ. മ്മടെ ഒന്ന്‌ രണ്ട്‌ ഗെഡികള്‌ കൂടി നിന്നട്ട്‌ ഇങ്ങനെ ഡയലോഗടിക്കണ നേരം. സംസാരം വന്നട്ട്‌ അതിലൊരുത്തന്റെ ഷര്‍ട്ടിനെ പറ്റീട്ടായി.

"കൊള്ളാല്ലോടാ ഈ ഷര്‍ട്ട്‌?" ഒര്‌ത്തന്റെ വക.

"കലക്കീണ്ട്‌ട്ടാ. ഇത്‌ കോട്ടണാണ്ടാ?" വേറെ ഒര്‌ത്തന്‍. അവന്റെ ചോദ്യം കഴിഞ്ഞപ്പഴക്കും മൂന്നാമത്തവന്‍ - "ഏയ്‌, ഇത്‌ ലെനിനാന്നാ എനിക്ക്‌ തോന്നണേ..."

"
എന്തൂട്ട്‌???" മറ്റൊള്ളോരൊക്ക്യേം ഇത്‌ കേട്ട്‌ അന്തം വിട്ടു. പക്ഷേ ലെനിന്റെ ഗെഡിക്കൊരു കൊഴപ്പൂല്ല്യ.

"ഡാ, ഈ കോട്ടണ്‍, പോളിസ്റ്ററ്‌ന്നൊക്കെ പറയണ പോലത്തെ വേറെ ഒരു മെറ്റീരിയലണ്‌ ഈ ലെനിന്‌!"

അത്‌ ശരി, അപ്പോ അവന്‍ വിചാരിച്ചിരിക്കണത്‌ നമ്മളിങ്ങനെ ഒരു സംഭവേ കേട്ടട്ടില്ല്യാന്നാ...

"ഡാ പിശാശേ! ലെനിന്‍ന്നല്ലാ പറയാ..
ലിനന്‍ന്നാ!!!"

അമളി മനസ്സിലാക്കീന്നണ്ടെങ്കിലും 'ഇതിലിപ്പോ എന്തൂട്ടാ ഇത്ര വല്യ വ്യത്യാസം'ന്നൊള്ള മട്ടില്‌ അവന്റെ വക ഒരു നോട്ടം!

Labels: ,

Posted by Jo at 9:26 AM Permalink 2 comments links to this post

Sunday, April 06, 2008

ആനക്കൊരു സംഭാവന!

മൂന്ന്‌-നാല്‌ കൊല്ലം മുന്‍പ്‌ നടന്ന ഒരു സംഭവാ... ഒരു ദിവസം രാത്രി തൃശ്ശൂര്‌ന്ന്‌ ആലുവക്ക്‌ പോവാന്‍ റെയില്‍വേ സ്റ്റേഷന്‍ല്‌ ട്രെയിന്റെ വരവും കാത്തിരിക്ക്യാര്‍ന്നു. ഒമ്പതരക്ക്‌ വരേണ്ടീര്‍ന്ന ട്രെയിന്‍ മണി പത്തായിട്ടും വന്നട്ടില്യ. ആള്‍ക്കാരൊക്കെ കാത്തിരുന്ന്‌ മുഷിഞ്ഞ്‌ തൊടങ്ങി. ഒറക്കം വന്നട്ടാണങ്ങ്യെ അതങ്ങനെ ഒരു വശത്ത്‌. അപ്പഴാണ്‌ പ്ലാറ്റ്‌ഫോമില്‌ ഒരു അനൌണ്‍സ്‌മന്റ്‌. " ഗാഡീ നമ്പര്‍ ഏക്‌ ശൂന്യ്‌ ശൂന്യ്‌ ശൂന്യ്‌ (ശരിക്കൊള്ളതല്ലാട്ടാ!) മുംബൈ സേ കന്യാകുമാരി തക്‌ ജാനേവാലീ മുംബൈ-കന്യാകുമാരീ എക്സ്‌പ്രസ്‌ തോഡീ സീ ദേര്‍ മേം പ്ലാറ്റ്‌ഫോം നമ്പര്‍ ഏക്‌ പര്‍ ആനേ കീ സംഭാവനാ ഹേ!"

ഇത്രേം കേട്ടപ്പഴക്കും എന്റട്‌ത്തിരിക്കിണ്ടാര്‍ന്ന ഒരു മനുഷ്യന്‍, ആശാന്‌ ഒറക്കം വന്നട്ട്‌ വട്ടായിരിക്ക്യണ സമയാട്ടാ, സഹി കെട്ടട്ടൊരു കമന്റ്‌. "
ഇത്രേം നേരായിട്ട്‌ ഇവരിപ്പോ ആനക്ക്‌ സംഭാവന കൊട്‌ക്കാന്‍ ഇരിക്ക്യണേള്ളോ?!!" സത്യം പറഞ്ഞാ ട്രെയിന് ലേറ്റായേന്റെ ദേഷ്യത്തില്‌ ഇരിക്ക്യായിരുന്നൂന്ന്‌ണ്ടെങ്കിലും ഇതു കേട്ടപ്പോ ചിരി വന്നു പോയി!

Labels:

Posted by Jo at 12:33 AM Permalink 4 comments links to this post

Thursday, February 14, 2008

ഈ പിള്ളേര്‍ടെ ഒരു കാര്യം!!!

കൊറേ നാളായിട്ടാ എന്തൂട്ടെങ്കിലൊക്കെ എഴുതണമ്ന്ന്‌ വിചാരിക്ക്യണു. പഷ്ഷേ എഴ്‌താന്‍ നോക്കുമ്പോ ഒരു കുന്തോം വരണില്ല്യ. അപ്പോ പിന്നെ എഴ്‌താന്‍ വേണ്ടീട്ട്‌ എഴ്‌തണ്ടി വരും. അതെന്തായാലും വേണ്ടാന്ന് വച്ചട്ടാ... പഷ്ഷേ എഴ്‌താന്‍ പറ്റ്യ ഒരു സംഭവംണ്ടായി ഈയട്‌ത്തേയ്‌. കാര്യായിട്ടൊള്ള സംഭവങ്ങളൊന്നല്ലാട്ടാ.. എന്നാ കൊറച്ച്‌ കാര്യണ്ടേനും!

മ്മടെ കുഞ്ഞ്യേ ക്‍ടാങ്ങള്‍ടെ കൂടെ ഇരിക്കുമ്പോ നേരം പോണതറിയില്ല്യ. അവര്‌ടെ വല്യ വര്‍ത്താനങ്ങളും കുഞ്ഞി വര്‍ത്താനങ്ങളും ഒക്കെ കേട്ടട്ട്‌ അവര്‌ടെ കൂടെ കൂടണേന്റെ ഒരു സുഖല്ല്യേ, അതൊന്നു വേറെന്ന്യാ. എന്തേ തോന്നീട്ടില്ല്യേ ശര്യാന്ന്‌? ഇല്ല്യങ്ങേ ഞാന്‍ ഒരു ഉദാഹരണം പറയാം.

ഈ കഴിഞ്ഞ മാസം കുരിയച്ചിറങ്ങാടീല്‍ത്തെ എടവക പള്ളി പെരുന്നാളായിരുന്നു. ചേച്ചിമാരും ചേട്ടന്മാരും അവര്‌ട്യൊക്കെ പിള്ളേരും ഒക്ക്യായിട്ട്‌ നല്ല പൂരം, അതായത്‌ പെരുന്നാള്‌! അപ്പോ പൊതുവെ ഇങ്ങനെ ബഹളങ്ങളൊക്കെ നടക്കണ ദിവസം നമ്മള്‌ തീരെ ശ്രദ്ധിക്കാണ്ട്‌ പോണ ഒരു സെക്ഷനാണല്ലോ ഇമ്മടെ പിള്ളേര്‌ സെറ്റ്‌. അതോണ്ട്‌ കൊറച്ച്‌ സമയം കിട്ട്യേപ്പോ ഞാന്‍ അവര്‌ടെ കൂടെ റ്റി. വി. കാണാന്‍ ഇരുന്നു. അവര്‌ കാര്‍ട്ടൂണൊക്ക്യാ കാണണേട്ടാ. ഞാനും അവര്‍ടെ കൂടെ ഇര്‌ന്ന്‌ കാണുമ്പഴണ്ട്‌റാ, ദേ വരണു അലാവുദ്ദീന്റെ ജിനി. പൊണ്ണത്തടീം നീല നെറത്തിലൊള്ള ദേഹോം ഒക്ക്യായിയിട്ട്‌. അപ്പഴാണ്‌ ഇമ്മടെ ചേച്ചീരെ മോള്‍ക്കൊരു സംശയം.

"കുഞ്ഞച്ചാ, ഈ ജിനീനെ വര്‌ത്തണ വെളക്കില്ലേ? അതെവടന്നാ വാങ്ങാന്‍ കിട്ടാ?"

അത്‌ കൊള്ളാല്ലോ. അതറിയാന്ന്‌ണ്ടങ്ങേ ആ വെളക്ക്‌ ഞാന്‍ ആദ്യം വാങ്ങില്ലെടീ,ന്ന്‌ പറയാന്‍ വന്നതാ. പഷ്ഷേ പറഞ്ഞില്ല്യ. പകരം ഒരു കളി കളിക്കാംന്ന്‌ വച്ചു.

"അതേയ്‌, കടേലൊന്നും വാങ്ങാക്‌ കിട്ടില്ല്യാ. പറഞ്ഞ്‌ണ്ടാക്കണം."

"അപ്പോ നമ്മള്‌ ചോദിക്കണതൊക്കെ ഈ ജിനി തര്‌വോ?"

"ആ. നിന്‍ക്ക്‌ വേണെങ്ങെ ഞാന്‍ ഒരു ഉപകാരം ചെയ്യാം. എന്റെ കയ്യില്‌ ജിനീടെ ഫോണ്‍ നമ്പറണ്ട്‌. നീ പറഞ്ഞാ ഞാന്‍ വേണെങ്ങെ വിളിച്ച്‌ പറയാം".

"ഉവ്വാ?? എന്നാ ആ ഫോണ്‍ നമ്പറ്‌ എനിക്കൊന്നു കറക്കി തര്‌വോ?"

അമ്പടീ! ആ നമ്പറ്‌ കയ്യിലിരിക്കട്ടെ. "ഏയ്‌, അത്‌ പറ്റില്ല്യ. ഞാന്‍ വിളിച്ചട്ട്‌ പറയാം കാര്യം".

"ഊം.. ഊം... ജിനീടെ ഫോണ്‍ നമ്പറേയ്‌!" അപ്പറത്തിര്‌ന്നട്ട്‌ വേറെ ഒരു ചേച്ചീരെ രണ്ടാമത്തോന്‍ ഞാനിരിക്കുമ്പോ നടക്കില്യാ ഈ വക റോള്‌,ന്നൊള്ള പോലത്തെ ഡയലോഗ്‌. അവന്‍ ഏഴാം ക്ലാസ്‌കാരനാ. അവന്റട്ത്ത്‌ നടക്കില്യ.

മിന്ന ആയാലും സങ്ങതി വിശ്വസിച്ചട്ടൊന്നുല്ല്യാട്ടാ.. രണ്ടാം ക്ലാസിലായിട്ടൊള്ളോന്നണ്ടെങ്കിലും ഇപ്പഴത്തെ പിള്ളേരെ പഴേ പോലെ കഥകളൊക്കെ പറഞ്ഞ്‌ പറ്റിക്കാന്‍ നോക്ക്യാ അവര്‌ പ്രൂഫ്‌ ചോദിക്കും. അപ്പോ പിന്നെ കഥ പറയാന്‍ പോയോര്‌ നാണം കെടും. എന്നാലും അവള്‌ സമ്മതിച്ചു.

"എന്നാ ശരി. എനിക്കൊരു ഫ്ലാറ്റ്‌ വേണം. അതില്‌ നെറച്ചും വള, മാല, കമ്മല്‌, പൊട്ട്‌ അതൊക്കെ വേണം".

"ഉം, ശരി. അത്ര്യക്കൊള്ളോ?"

"ഉം... ആ! പിന്നെ മുടീമ്മെ കെട്ടണ സാധനം കിട്ട്വോ?"

"ആ..."

"അപ്പോ അതും വേണം!" നീ തന്ന്യാണ്ടീ പെങ്കുട്ടി,ന്ന്‌ മനസ്സില്‌ പറഞ്ഞട്ട്‌ അട്‌ത്ത ആളോട്‌ ചോദ്യം ചോയ്ച്ചു.

"ശരി. നിനക്കെന്തൂട്ടണ്ടാ വേണ്ടേ അന്തോണ്യേ?" ചോദ്യം അവള്‍ടെ അനിയനോടാ.

"എന്‍ച്ച്‌ ഒരു ഫാറ്റ്‌ (ഫ്ലാറ്റ്‌) നെച്ച്‌ (നെറച്ച്‌) സൊന്നം (സൊര്‍ണം) വേണം" അവന്‌ ബുദ്ധീണ്ടേയ്‌, സ്വര്‍ണത്തിന്റെ മാര്‍കറ്റ്‌ പ്രൈസ്‌ പടിച്ചിരിക്ക്യാ ഇത്ര ചെറ്‌പ്പത്തിലേ. ഗള്ളന്‍!

"ശരി. അത്രക്ക്യാ വേണ്ടോ?"

"പിന്നെ കാര്‌കള്‌ വേണം! കൊറെ കൊറേ കാരോള്‌ വേണം!" അടിപൊളി. അപ്പൊ അവന്‌ കാറോട്ടത്തിലാ കമ്പം.

"ശരി, ഞാന്‍ ജിന്യോട്‌ വിളിച്ച്‌ പറയട്ടേട്ടാ..."

എന്നട്ട്‌ ഞാന്‍ ഫോണെട്‌ത്തട്ട്‌ കൊറച്ച്‌ അഭിനയിച്ച്‌ നോക്കി. അപ്പഴണ്ട്‌ മിന്ന നിന്ന്‌ ചിരിക്കണു.

"എന്തേരീ ചിരിക്ക്യണേ?"

"ഏയ്‌, ഒന്നൂല്യ. ജിനി നമ്മള്‌ പറഞ്ഞ സാധനങ്ങള്‌ എപ്പഴാ കൊണ്ടരാ?"

"നാളെ കൊണ്ടരാന്നാ പറഞ്ഞേ..."

"നാള്യാ?"

"ആ.."

അവളപ്പോ ചിരിച്ചട്ട്‌ തല്യാട്ടി. എന്നട്ടൊരു ചോദ്യം. "അതേയ്‌, ജിനി ദൈവത്തിന്റ്യാണോ, പിശാശിന്റ്യാണോ?"

ആഹാ? "ദൈവത്തിന്റ്യാടീ... എന്തേ?"

"എന്റെ കയ്യില്‌ ദൈവത്തിന്റെ ഫോണ്‍ നമ്പറ്‌ണ്ട്‌!! ഞാന്‍ അപ്പോ ദൈവത്തിന്‌ വിളിച്ച്‌ പറഞ്ഞോളാട്ടാ...!"

അപ്പോ ഇത്രേം നേരം ഞാന്‍ അവള്യല്ലാ, അവള്‌ എന്ന്യാ കളിപ്പിച്ചേന്ന് അപ്പഴാണ്‌ ഞാന്‍ മനസ്സിലാക്ക്യേ! ഈ പിള്ളേര്‍ടെ ഒരു കാര്യം!!!

Labels: , ,

Posted by Jo at 11:02 AM Permalink 11 comments links to this post

Sunday, June 03, 2007

സമ്പര്‍ക്കം, ജന സമ്പര്‍ക്കം, പിന്നെ ജന സമ്പര്‍ക്ക യാത്ര

ഒരു ദിവസം ത്രിശ്ശൂര്‌ ടൌണീക്കോടെ ഞാനും എന്റെ ചേച്ചീരെ മോനും കൂടി വണ്ടീല്‌ പൂവായിരുന്നുട്ടാ. ചെട്ട്യങ്ങാടി എത്ത്യപ്പോ ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌. എന്താ സംഭവമ്ന്ന്‌ വിചാരിച്ചിരിക്കുമ്പോ ഒരു അനൌണ്‍സ്‌മന്റ്‌ കേട്ടു. "ഈ വാഹനത്തിനു തൊട്ടു പിറകിലായി നിങ്ങളുടെ പൊന്നോമന പുത്രന്‍..." എന്നൊക്കെ പറഞ്ഞട്ട്‌ ഒരു സംഭവം. നോക്കുമ്പോ ഈ അനൌണ്‍സ്‌മന്റ്‌ ചെയ്യണ വണ്ടീരെ തൊട്ട്‌ പിന്നിലായിട്ട്‌ വേറെ ഒരു വണ്ടീല്‌ കോണ്‍ഗ്രസ്സിന്റെ... അയ്യോ, അല്ലാ!! (ഓരോരോ കാര്യങ്ങള്‌ പറഞ്ഞ്‌ ശീലിക്ക്യണേന്റെ ഓരോ കൊഴപ്പങ്ങളേയ്‌!) NCP-ടെ മുരളീധരന്‍ ചില്ലൊക്കെ കേറ്റിട്ടട്ടൊള്ള ഒരു വണ്ടീലിര്‌ന്നട്ട്‌ വരണു... മുമ്പില്‌ ഒരു പോസ്റ്ററും കണ്ടു. "ജന സമ്പര്‍ക്ക യാത്രാ"ന്നു എഴ്‌തീട്ട്‌.

ഇങ്ങനെ ഏ സി വണ്ടീരെ ഉള്ളില്‌ ചില്ലും കേറ്റിട്ടിര്‌ന്നാ എങ്ങിന്യാണ്ടപ്പാ ഈ ജന സമ്പര്‍ക്കം വര്‌ത്തണേന്ന്‌ ഞാനൊരു ബ്രാക്കറ്റില്‌ ആത്മഗതം എഴുതി. അപ്പൊ എന്റെ അനന്തരവന്‍ പറയാ...

"കുഞ്ഞച്ചാ, ഇപ്പൊ ദേ നോക്ക്യേ, ഇത്രേം അധികം തിക്കി മുട്ടീട്ടല്ലേ ഈ ചെട്ട്യങ്ങാടീല്‌ ആള്‍ക്കാര്‌ നടക്കണേ?"

"അതേ"

"അപ്പൊ ഇത്രേം അധികം ആള്‍ക്കാര്‍ടെ എടേല്‍ക്കോടെ ഒള്ള യാത്രേനെ ജന സമ്പര്‍ക്ക യാത്രാന്ന്‌ തന്ന്യല്ലേ പറയണ്ടേ?"

"ആണോടാ?"

"അല്ലാണ്ട്‌ പിന്നെ! സംഗതി ജനോണ്ട്‌, യാത്രേംണ്ട്‌, പിന്നെ ജനങ്ങള്‍ടെ ഏടേല്‍ക്കോടെ പൂവുമ്പഴ്‌ത്തെ ഒരു സമ്പര്‍ക്കോം ണ്ട്‌ല്ലോ."

സംഗതി അവന്‍ എന്നേക്കാളും മുന്‍പേ ഊഹിച്ചെട്‌ത്തേന്റെ ഒരു ചമ്മല്‌ മറക്കാന്‍ "മിണ്ടാണ്ടിരുന്നോ നീ അവടെ! അടി.. അടി..." എന്നും പറഞ്ഞ്‌ കയ്യോങ്ങീന്ന്‌ണ്ടെങ്കിലും സമ്പര്‍ക്കത്തിന്റെ ഒരു പുതിയ നിര്‍വചനം പഠിക്കാന്‍ പറ്റീന്നൊള്ളതാണ്‌ നേര്‌.

Posted by Jo at 1:06 AM Permalink 4 comments links to this post